സാൻ ജോവാക്വിൻ കൗണ്ടി (കലിഫോർണിയ): സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.
18-ാം വയസിൽ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച ഒബ്ദുലിയ സാഞ്ചസ്, തന്റെ 14 വയസുകാരിയായ സഹോദരി മരിച്ച അപകടം ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസിൽ ആറു വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും 26 മാസത്തെ ജയിൽവാസത്തിന് ശേഷം 2019ൽ സാഞ്ചസ് പുറത്തിറങ്ങിയിരുന്നു.
കഴിഞ്ഞ ഡിസംബർ 2ന് സ്റ്റോക്ടണിലെ ഗെർട്രൂഡ് അവന്യൂവിൽ വെച്ചാണ് ഒബ്ദുലിയ സാഞ്ചസിനും കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റത്. ഒബ്ദുലിയ സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യത്തിൽ പൊലീസ് പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തടവിൽ പാർപ്പിച്ചിരിക്കുകയാണ്. മോണിക്ക ബരാജാസിനെ മാർച്ച് 16 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.